കോഴിക്കോട്: മാവൂർ കൂളിമാടിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൂളിമാട് മുന്നൂര് സ്വദേശി ഇര്ഫാൻ ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കൂളിമാട് സ്വദേശികളായ തസ്നീം, സഹോദരൻ തൻസീൽ എന്നിവരെയാണ് ഇർഫാൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിലെ പ്രതിയും പരിക്കേറ്റ സഹോദരങ്ങളും അയൽക്കാരാണ്. സംഭവ ദിവസം രാവിലെ തസ്നീമിന്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ ആക്രമിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള പണമിടപാടിനെ തുടർന്നാണ് ഇർഫാൻ തൻസിഫിനെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തൻസിഫിനെ തുടർന്ന് ഇർഫാൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേ തുടർന്ന് ഇർഫാനെ തേടി ബൈക്കിൽ കറങ്ങുകയായിരുന്നു ഇരു സഹോദരങ്ങളും.
ആയുധങ്ങളുമായി ഇർഫാന്റെ വാഹനം തടയാൻ ശ്രമിക്കുമ്പോഴായിരുന്നു സഹോദരങ്ങളെ ഇടിച്ചുവീഴ്ത്തി പ്രതി കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഇർഫാൻ ഒളിവിൽ പോയിരുന്നു.
ഇതേ തുടർന്ന് പോലീസ് പ്രതിക്ക് വേണ്ടി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്നു പ്രതി ഇന്ന് മാവൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. ഇർഫാനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.